കുന്നംകുളം കസ്റ്റഡി മർദനത്തിലെ സുജിത്തിന് വിവാഹ സമ്മാനവുമായി കോൺഗ്രസ് നേതാക്കൾ
പൊലീസ് അതിക്രമത്തിനെതിരായ തൃശ്ശൂർ കുന്നംകുളത്തെ കോൺഗ്രസ് ജനകീയ സദസ്സിൽ സുജിത്തിന് സ്നേഹ സമ്മാനവുമായി നേതാക്കൾ. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് തന്റെ കഴുത്തിലുള്ള സ്വർണമാല ഊരി വിവാഹ സമ്മാനമായി സുജിത്തിന് നൽകി. നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സുജിത്തിന് സ്വർണ മോതിരം സമ്മാനിച്ചിരുന്നു. അടുത്ത മാസം 15നാണ് സുജിത്തിന്റെ വിവാഹം.
കുന്നംകുളത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ സദസ്സിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കെസി വേണുഗോപാൽ സുജിത്തിന് സ്വർണമോതിരം വിവാഹ സമ്മാനമായി നൽകിയ കാര്യം പ്രസംഗത്തിനിടെ പറഞ്ഞത്. താനെന്താണ് നൽകുന്നത് എന്ന ചോദ്യത്തിന് ആശംസയും സ്നേഹവും മാത്രമാണ് പങ്കുവെക്കാൻ ഉള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷന്റെ പ്രഖ്യാപനം വന്നത്. വേദിയിൽ വെച്ചുതന്നെ ജോസഫ് ടാജറ്റ് തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ മാല ഊരി സമ്മനമായി നൽകുകയായിരുന്നു.
2023ലാണ് കുന്നംകുളത്തെ പൊലീസ് സ്റ്റേഷനിൽ സുജിത്തിന് ക്രൂര മർദനം ഉണ്ടായത്. ദീർഘകാലം നിയമ പോരാട്ടം നടത്തുകയും സുജിത്തിനൊപ്പം നിൽക്കുകയും ചെയ്ത ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസിനെ ഡിസിസി എക്സിക്യൂട്ടീവ് അംഗമായി പ്രമോട്ട് ചെയ്തതായും ചടങ്ങിൽ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് പ്രഖ്യാപനം നടത്തിയത്. സുജിത്തിനെ മർദ്ദിച്ച പോലീസുകാരുടെ 20 ലക്ഷത്തിന്റെ ഓഫർ അവിടെ ഇരിക്കട്ടെ, കോടതി വഴി നഷ്ടപരിഹാരം നൽകാൻ അത് ഉപകരിക്കുമെന്നും നിയമസഭയിൽ കുന്നംകുളത്തെ പൊലീസ് മർദനം കോൺഗ്രസ് ഏറ്റെടുത്ത് ഉന്നയിക്കുമെന്നും സണ്ണി ജോസഫ് ജനകീയ സദസ്സിൽ പറഞ്ഞു.