‘മുഖ്യമന്ത്രിക്ക് സമരക്കാരെ കാണാൻ കരളുറപ്പില്ല..ആശാവർക്കർ സമരം ഒത്തുതീരാത്തതിനു പിന്നിൽ പിടിവാശി’..
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സംസ്ഥാന ഘടകവുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ 38 ദിവസമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി വിജയന്‍ കൂട്ടാക്കിയില്ല. അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവത്ക്കരിച്ചും പരിഹസിച്ചും അദ്ദേഹം അവഗണിക്കുകയാണു ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
‘കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം സംസാരിച്ചതേയില്ല. ഇക്കാര്യം പാര്‍ലമെന്റിലുന്നയിച്ച യുഡിഎഫ് എംപിമാരോട് സംസ്ഥാന സര്‍ക്കാരാണ് ആശാവര്‍ക്കരമാരെ കൈയൊഴിഞ്ഞതെന്നു കേന്ദ്ര സര്‍ക്കാര്‍ ധരിപ്പിച്ചിരുന്നു. എന്നിട്ടു പോലും കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. എന്‍എച്ച്എം കേരളാ ഘടകത്തിന്റെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തതേയില്ല. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്.’ -ചെന്നിത്തല പറഞ്ഞു.