ആദ്യം മടിച്ചു, പിന്നെ സ്വീകരിച്ചു; പി എം ശ്രീയോട് ചേർന്ന് കോൺഗ്രസ് സർക്കാരുകളും

ദേശീയ വിദ്യാഭ്യാസ നയവും, പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുമുള്ള തീരുമാനത്തിൽ കേരളത്തിൽ രാഷ്ട്രീയ തർക്കം തുടരുമ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് സർക്കാരുകളും പദ്ധതിയുടെ ഭാഗം. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

2023 മാർച്ച് ഒന്നിനാണ് ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാർ പദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചത്. മാർച്ച് നാലിന് ധാരണാപത്രം ഒപ്പുവെയ്ക്കുകയും ചെയ്തു. തെലങ്കാനയിലെ രേവന്ത് റെഡ്ഡി സർക്കാരും പദ്ധതിയുടെ ഭാഗമാണ്. 2023 ഡിസംബറിൽ കോൺഗസ് തെലങ്കാനയിൽ വലിയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്.

12 സംസ്ഥാനങ്ങളാണ് ആദ്യഘട്ടത്തിൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായത്. 2022 ഒക്ടോബർ 28നു അന്ന് കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനടക്കം 12 സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരുമായി ധാരണ പത്രം ഒപ്പുവച്ചു. അന്ന് കോൺഗ്രസിന്‌റെ ഭൂപേഷ് ബാഗേൽ നയിച്ചിരുന്ന ഛത്തീസ്ഗഡ് സർക്കാർ പദ്ധതിയുടെ ഭാഗമായില്ല. എന്നാൽ പിന്നീട് 2023 ജനുവരിയിൽ കരാറൊപ്പിട്ടു. കർണാടകയും പദ്ധതിയുടെ ഭാഗമാണെങ്കിലും ബിജെപി ഭരിക്കുമ്പോഴായിരുന്നു പിഎം ശ്രീയുടെ ഭാഗമായത്.

Related Articles

Back to top button