സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റിക്കായി വാതിലുകള്‍ തുറന്നിട്ട് കോണ്‍ഗ്രസ്….

കൊല്ലം: സിപിഐഎം കമ്മിറ്റികളില്‍ നിന്ന് ഒഴിവായ കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റിക്കായി വാതിലുകള്‍ തുറന്നിട്ട് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെത്തിക്കാന്‍ നേതൃത്വം ശ്രമിക്കവേ കൊട്ടാരക്കര നഗരസഭ പ്രവര്‍ത്തക ക്യാമ്പില്‍ അയിഷ പോറ്റിയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടിയുടെ വാതിലുകള്‍ അയിഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സിപി ഐഎമ്മിനെയും മന്ത്രി കെ എന്‍ ബാലഗോപാലിനെയും വിമര്‍ശിച്ചുകൊണ്ടു കൂടിയാണ് പ്രമേയം.

സിപിഐഎം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും അയിഷ പോറ്റിയുടെ ചിറകരിഞ്ഞത് മന്ത്രി ബാലഗോപാലിന്റെ അറിവോടെയാണ്. അയിഷ പോറ്റിയുടെ ജനകീയ മുഖത്തെ മന്ത്രി ഭയക്കുന്നു. സിപിഐഎം നിര്‍ബന്ധത്തിന് വഴങ്ങി. ശബരിമല ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞതിലും ഈശ്വരനാമം ഒഴിവാക്കി സത്യപ്രതിജ്ഞയാക്കിയതിലും അയിഷാപോറ്റി പശ്ചാത്തിക്കുന്നുണ്ടാകാമെന്നും പ്രമേയത്തില്‍ പറയുന്നു. എം കെ മുരളീധരനാണ് പ്രമേയം അവതരിപ്പിച്ചത്.

മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനീധീകരിച്ച എംഎല്‍എയായിരുന്നു അയിഷ പോറ്റി. വര്‍ഷങ്ങളോളം കൊട്ടാരക്കരയെ പ്രതിനീധികരിച്ച ആര്‍ ബാലകൃഷ്ണയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്.

Related Articles

Back to top button