കേരളത്തിലെ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്.. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ജനാധിപത്യ സംരക്ഷണ സദസ്സ്…
വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കേരളത്തിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ‘വോട്ട് ചോരി’യുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം തുറന്നു കാട്ടുന്നതിനായി കേരളത്തില്‍ മാത്രമായി 93 ലക്ഷത്തിലധികം ലഘുലേഖകള്‍ അടിച്ചു വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനങ്ങളിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മുപ്പതോടുകൂടി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയും. ഒക്ടോബര്‍ മാസം രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തില്‍ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തും. അതിനായി രാഹുല്‍ ഗാന്ധിയുടെ സമയം ചോദിച്ചിട്ടുണ്ട്. അത് കിട്ടുന്ന മുറയ്ക്ക് ഒരു ബൃഹത്തായ പരിപാടി കേരളത്തില്‍ നടത്താനാണു തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയ്ക്കു വേണ്ടിയുള്ള കൃത്യമായ ഒരുക്കങ്ങള്‍ കെപിസിസി നടത്തും. അതിനുവേണ്ടി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എല്ലാ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വോട്ട് ചോരിക്കെതിരെ എഐസിസി ആവശ്യപ്പെട്ടതു പ്രകാരമുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയിനും കേരളത്തില്‍ കൃത്യമായി നടക്കുന്നുണ്ട്. മണ്ഡലം, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ വീടുകളില്‍ നിന്നും ഒപ്പ് ശേഖരണ പ്രവര്‍ത്തികളിലാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍. അടുത്ത മാസം പതിനഞ്ചാം തീയതി വരെയുള്ള സമയം കൊണ്ട് ഇതു പൂര്‍ത്തിയാക്കും എന്നും അദ്ദേഹം പറഞ്ഞു.



