ഹൈക്കമാൻഡ് പിന്മാറുന്നു, കേരളത്തിൽ യോജിപ്പെങ്കിൽ മാത്രം പുനഃസംഘടന

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തിൽ. സംസ്ഥാനത്തെ നേതാക്കൾ ഏകാഭിപ്രായത്തോടെ പേരുനിർദേശിച്ചാൽമാത്രം ഉടൻ പുനഃസംഘടന നടത്തിയാൽമതിയെന്ന തീരുമാനത്തിലാണ് കേന്ദ്രനേതൃത്വം. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം വ്യക്തമാക്കി. ‘‘കെപിസിസി പുനഃസംഘടനാകാര്യം തീരുമാനിക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. എഐസിസി നിരീക്ഷകരെത്തി അഭിപ്രായമാരാഞ്ഞ് പാനലാക്കി പുനഃസംഘടന നടത്തുന്നത് ദീർഘമായ പ്രക്രിയയാണ്. അതിനാൽ കേരളം, ബംഗാൾ, തമിഴ്‌നാട്, ബിഹാർ, അസം സംസ്ഥാനങ്ങളെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുനഃസംഘടനാപ്രക്രിയയിൽനിന്ന് ഒഴിവാക്കി. നിലവിലെ സ്ഥിതി തുടരും’’.

വയനാട് ഡിസിസി പ്രസിഡന്റ് രാജിവെച്ചപ്പോൾ പകരം ചുമതല നൽകാതെ, പുതിയ പ്രസിഡന്റിനെ നിയമിച്ചത് പൊതുവായ പുനഃസംഘടന ഉടനുണ്ടാകില്ലെന്ന സൂചനയാണ്.

സംസ്ഥാനത്തെ ചർച്ച എങ്ങുമെത്താതെ നീളുന്നതിലുള്ള ഹൈക്കമാൻഡിന്റെ അതൃപ്തികൂടിയാണ് വേണുഗോപാൽ വ്യക്തമാക്കിയത്. കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ സ്ഥാനങ്ങളിലാണ് പുനഃസംഘടന ലക്ഷ്യമിട്ടത്. ഓഗസ്റ്റ് ആദ്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മറ്റ് മുതിർന്നനേതാക്കളും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ചനടത്തിയിരുന്നു. എന്നാൽ, ഏകാഭിപ്രായമുണ്ടാകാഞ്ഞതിനാൽ ചുരുക്കപ്പട്ടിക തയ്യാറാക്കാനായില്ല.

തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചാണ് തർക്കം കൂടുതൽ. കെപിസിസി ഭാരവാഹികളിൽ കുറച്ചുപേരെ നിലനിർത്തി പുതിയ ടീമിനെ കൊണ്ടുവരാനാണ് ശ്രമം. 40-45 ജനറൽ സെക്രട്ടറിമാരും 80 സെക്രട്ടറിമാരും ഏഴ് വൈസ് പ്രസിഡന്റമാരും എന്നനിലയ്ക്കാണ് ചർച്ച. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർട്ടി മത്സരിക്കുന്ന എല്ലാ നിയമസഭാമണ്ഡലത്തിലും ഒരു സെക്രട്ടറിയെന്നതാണ് തത്ത്വം.

അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി ഒരു മാസത്തിലധികമായി ഒഴിഞ്ഞുകിടക്കുന്നതിനാൽ ആ സ്ഥാനത്തേക്ക് ഉടനെ ആളെ നിയമിക്കാൻ ശ്രമമുണ്ട്. അബിൻ വർക്കി, കെഎം. അഭിജിത്, ബിനു ചുള്ളിയിൽ, ഒ.ജെ. ജനീഷ് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.

Related Articles

Back to top button