വിഎസ് ജോയിയും ആര്യാടന്‍ ഷൗക്കത്തും തമ്മിൽ മത്സരം.. നിലമ്പൂരില്‍ മൂന്നാമനെ തേടി കോൺഗ്രസ്…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത പ്രതിസന്ധി.മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വറും, ജമാഅത്തെ ഇസ്ലാമിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സീറ്റ് വേണമെന്ന് വാശിയിൽ തന്നെ തുടരുകയാണ് ആര്യാടൻ ഷൗക്കത്ത്.ഈ സാഹചര്യത്തില്‍ മൂന്നാമതൊരു പേരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടുതവണ കൈവിട്ടു പോയ മണ്ഡലത്തിൽ ഇത്തവണ എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് യുഡിഎഫ് വിലയിരുത്തുമ്പോഴും സ്ഥാനാർഥിനിർണയം കീറാമുട്ടിയായി തുടരുകയാണ്.തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. അന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് കെപിസിസി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാർത്ഥി കസേരക്കായി പിടിമുറുക്കുന്നത്.സ്ഥാനാർത്ഥിനിർണയം കീറാമുട്ടിയായ സ്ഥിതിക്കാണ് കോൺഗ്രസ് പട്ടികയിൽ മൂന്നാമതൊരു സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ അവസാനം നിമിഷം കോൺഗ്രസ് പട്ടികയിൽ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലിയെപ്പോലുള്ളവർ പട്ടികയിൽ ഇടം നേടാനും സാധ്യത ഏറെയാണ്.