ജ്യോതി വിജയകുമാർ, സന്ദീപ് വാര്യർ, രമേഷ് പിഷാരടി…നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ കരട് പട്ടികയിലെ നേതാക്കൾ ഇവരൊക്കെ…
നിയമസഭ തെരഞ്ഞെടുപ്പിന് കേവലം എട്ടു മാസങ്ങൾ മാത്രം അവശേഷിക്കെ, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ പാർട്ടിയിലെ ജില്ലാ നേതൃതലങ്ങളിൽ സജീവമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക കരടുരൂപമായതായാണ് റിപ്പോർട്ട്.
പരിചയസമ്പന്നർ, പുതുമുഖങ്ങൾ, താരപരിവേഷമുള്ളവർ തുടങ്ങിയവർ അടങ്ങിയ ലിസ്റ്റിനാണ് രൂപം നൽകിയിട്ടുള്ളത്. ജ്യോതി വിജയകുമാർ, രാജു പി നായർ, ഹെന്റി ഓസ്റ്റിൻ ജൂനിയർ, മാത്യു ആന്റണി തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. യുവനേതാക്കളായ അരിത ബാബു, വീണ നായർ, റിജിൽ മാക്കുറ്റി, സന്ദീപ് വാര്യർ, ജെ എസ് അഖിൽ തുടങ്ങിയവരും സ്ഥാനാർത്ഥിത്വത്തിനായി പരിഗണനയിലുണ്ട്. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ നിരവധി എംപിമാരും മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു രംഗത്തു വന്നിരുന്നു.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത. 2021 ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനോട് പരാജയപ്പെട്ടെങ്കിലും മുതിർന്ന വനിതാ നേതാവ് എന്ന നിലയിൽ ഷാനിക്ക് തന്നെയാകും പ്രഥമ പരിഗണന. കായംകുളത്ത് യുവനേതാവ് അരിത ബാബു, നേമത്ത് വീണ നായർ എന്നിവർ ഏതാണ്ട് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ചങ്ങനാശ്ശേരി കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസ് തിരിച്ചുപിടിച്ചാൽ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ മത്സരിപ്പിച്ചേക്കും.
കോട്ടയത്ത് മുൻ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ പരിഗണിക്കുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്ത വിവർത്തകയും മുൻ പത്രപ്രവർത്തകയുമായ ജ്യോതി വിജയകുമാറിനെ ചെങ്ങന്നൂരിലേക്ക് പരിഗണിക്കുന്നു. പാരമ്പര്യവും യോഗ്യതയും നിറഞ്ഞ സ്ഥാനാർത്ഥിത്വമാണ് ജ്യോതിയുടെ സ്ഥാനാർത്ഥിത്വമെന്നാണ് പാർട്ടി വിലയിരുത്തൽ. ബിന്ദു കൃഷ്ണയ്ക്കും സ്ഥാനാർത്ഥിത്വം ഉറപ്പാണ്. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഷമ മുഹമ്മദിനെയും നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കും. പ്രാദേശിക തലത്തിൽ എതിർപ്പ് ഉയരാമെങ്കിലും, കോൺഗ്രസ് ഹൈക്കമാൻഡിലുള്ള സ്വാധീനം ഷമയ്ക്ക് ഗുണകരമായേക്കും.
യുവ സ്ഥാനാർത്ഥികളിൽ, ഈഴവ ഭൂരിപക്ഷമുള്ള ഒരു സീറ്റിലേക്ക് എം ലിജുവിനെ പരിഗണിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി (കണ്ണൂർ സീറ്റ്), ജെ എസ് അഖിൽ (കഴക്കൂട്ടം സീറ്റ്) എന്നിവരും ശക്തമായ പരിഗണനയിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ അക്കാമ്മ ചെറിയാന്റെയും കെ ടി തോമസിന്റെയും (മുൻ എംഎൽഎ) ചെറുമകന്റെ പേര് പരിഗണിക്കുന്നു. മൂവാറ്റുപുഴയോ, പൂഞ്ഞാറോ വേണമെന്നാണ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെടുന്നത്. വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റ് നൽകിയാൽ, സിറ്റിംഗ് എംഎൽഎ മാത്യു കുഴൽനാടനെ പെരുമ്പാവൂരിലേക്ക് മാറ്റിയേക്കും. അങ്ങനെയെങ്കിൽ പെരുമ്പാവൂരിലെ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് മറ്റൊരു സീറ്റ് കണ്ടെത്തേണ്ടി വരും.
പാലക്കാട് നിയമസഭ മണ്ഡലത്തിൽ സന്ദീപ് വാര്യർ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്നാണ് പാർട്ടിയിലെ പൊതുവായ ധാരണ. സന്ദീപ് വാര്യരുടെ സംഘടനാ വൈദഗ്ധ്യം പാലക്കാട് മണ്ഡലം നിലനിർത്താൻ ഗുണകരമാകുമെന്നും പാർട്ടി വിലയിരുത്തുന്നു. 2021 ൽ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 55 ശതമാനത്തിലധികം പേരും പുതുമുഖങ്ങളായിരുന്നു. 60 ശതമാനം പേർ 25 നും 50 നും ഇടയിൽ പ്രായമുള്ളവരായിരുന്നു.
സ്ഥിരമായി ചിലർക്ക് സീറ്റു നൽകുന്നുവെന്ന വികാരം മറികടക്കുക, യുവജനങ്ങളെ കൂടുതൽ ആകർഷിക്കുക എന്നീ ലക്ഷ്യത്തോടെ, 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെ തന്ത്രം തന്നെ കോൺഗ്രസ് തുടർന്നേക്കും. കഴിഞ്ഞ തവണ, സ്ഥാനാർത്ഥികൾ നല്ലവരായിരുന്നെങ്കിലും, അവർക്കായി തെരഞ്ഞെടുത്ത സീറ്റുകൾ ശരിയായിരുന്നില്ല. ഇത്തവണ അത് തിരുത്തുമെന്ന് ഒരു കോൺഗ്രസ് നേതാവ് സൂചിപ്പിച്ചു.
ഹൈബി ഈഡൻ, കൊടിക്കുന്നിൽ തുടങ്ങിയ എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരെ പരിഗണിച്ചേക്കില്ല. തയ്യാറെടുപ്പുകൾ എത്ര നേരത്തെ നടത്തിയാലും, പ്രധാന ശത്രുവായ ഉൾപ്പാർട്ടി പോര് മറികടക്കുക എന്നതാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. പേരുകൾ നേരത്തെ തയ്യാറാക്കാം, എന്നാൽ എല്ലാവരെയും അംഗീകരിപ്പിക്കുക എന്നതാണ് വലിയ പോരാട്ടമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൂചിപ്പിച്ചു