മാവേലിക്കരയിൽ… ബി.ജെ.പി മുൻ പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വീടുകയറി ആക്രമിച്ചു

മാവേലിക്കര: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പുത്തൻകുളങ്ങര ഡിവിഷൻ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ വൈരാഗ്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി, ബി.ജെ.പി മുൻ പഞ്ചായത്ത് അംഗത്തിനേയും ബന്ധുവിനെയും വീടുകയറി ആക്രമിച്ചു. 2020-25ൽ തെക്കേക്കര 18-ാം വാർഡ് മെമ്പറായിരുന്ന ലക്ഷ്മിപുരം വീട്ടിൽ രമണി ഉണ്ണികൃഷ്ണനെയും ബന്ധു അനിൽകുമാറിനെയുമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീനാഥ് വീടുകയറി ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ശ്രീനാഥ് വീടിന്റെ ജനാലചില്ലുകൾ അടിച്ചു തകർത്ത ശേഷം രമണിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ബഹളം കേട്ട് തടസ്സം പിടിക്കാൻ എത്തിയ അനിൽകുമാറിനെയും മർദ്ദിച്ചു. പരിക്കേറ്റ ഇരുവരും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ശ്രീനാഥിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.
ഇയാളുടെ പക്കൽ നിന്ന് എയർഗൺ പിടിച്ചെടുത്തതായി മാവേലിക്കര എസ്.എച്ച്.ഒ ശ്രീജിത്ത് പറഞ്ഞു. സി.പി.എം നേതാവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ശ്രീനാഥ്, പിന്നീട് സി.പി.എം വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. രമണി ഉണ്ണികൃഷ്ണനെയും അനിൽകുമാറിനെയും ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആശുപത്രിയിലെത്തി സന്ദർശിച്ചു.19ാം വാർഡ് മെമ്പർ ബിജു പല്ലാരിമംഗലം, സംസ്ഥാന സമിതി അംഗം സുധീഷ് ചാങ്കൂർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രേൻ, അജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.



