‘കപ്പല്‍ അപകടങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ’.. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്…

സംസ്ഥാനത്തെ വിവിധ കപ്പല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.

കപ്പല്‍ അപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് മറ്റന്നാള്‍(ബുധനാഴ്ച) സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.

അതിനിടെ കോഴിക്കോട് ബേപ്പൂര്‍ തീരത്ത് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503 ചരക്കുകപ്പലില്‍ ഉള്ള വസ്തുക്കളുടെ വിവരങ്ങള്‍ പുറത്ത് വന്നു. 150ലധികം കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉള്ളതായാണ് വിവരം. ഇവയില്‍ പലതും അതിവേഗം തീപിടിക്കാവുന്ന ദ്രവപദാര്‍ത്ഥങ്ങളാണ്. ശ്വസിച്ചാല്‍ അപകടകരമാകുന്ന നിരവധി വസ്തുക്കളും കണ്ടെയ്നറിലുണ്ട്. കടല്‍വെള്ളം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കളും കണ്ടെയ്നറില്‍ ഉള്ളതായാണ് വിവരം.

കപ്പലില്‍ ഉള്ള വസ്തുക്കളുടെ വിവരങ്ങള്‍

1 തീപിടിക്കാവുന്ന ഖര-ദ്രാവക പദാര്‍ത്ഥങ്ങള്‍റെസിന്‍ സൊല്യൂഷന്‍, പെയിന്റ്, ടര്‍പ്പെന്റൈന്‍ ഉള്‍പ്പടെയുള്ളവ- ചെറിയ തീപ്പൊരിയോ സ്റ്റാറ്റിക് ചാര്‍ജ്ജോ പോലും അപകട സാധ്യതയുണ്ടാക്കും. 32 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുണ്ടായാലും അപകടം

ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്- ചൂട്, വൈബ്രേഷന്‍, അന്തരീക്ഷ താപനില തുടങ്ങിയവ അപകട സാധ്യത കൂട്ടും

കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് നല്‍കിയതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായി അറിയിപ്പ് നല്‍കി. കോസ്റ്റ്ഗാര്‍ഡില്‍ നിന്ന് ഒരു കപ്പല്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം നടന്നത്. കപ്പലില്‍ ഉണ്ടായിരുന്ന ആകെ 22 ജീവനക്കാരില്‍ പതിനെട്ട് പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് വിവരം. കാണാതായ നാല് ജീവനക്കാരില്‍ രണ്ട് പേര്‍ തായ്വാന്‍ സ്വദേശികളാണ്. മറ്റ് രണ്ട് പേര്‍ ഇന്തോനേഷ്യ, മ്യാന്‍മര്‍ സ്വദേശികളാണ്. അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യക്കാരില്ലെന്നാണ് വിവരം.

ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button