നൂറു വീടുകളുടെ ഒന്നാംഘട്ടത്തിന്റെ സ്ഥലമെടുപ്പ് ഉടൻ പൂർത്തിയാകുമെന്ന് കോൺഗ്രസ്

മുണ്ടക്കൈ–ചൂരൽമല ഉരുൾദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ സംബന്ധിച്ച് വിവാദം ഒഴിയുന്നില്ല. ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ചെടുത്ത പണം എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം രംഗത്ത് വന്നതോടെ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. തങ്ങൾ പ്രഖ്യാപിച്ച് നൂറുവീടുകളുടെ ഭവനപദ്ധതിയുടെ ആദ്യഘട്ടം ഉടൻ യാഥാർഥ്യമാകുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ടത്തിൽ 3.24 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. 13-ഓടെ സ്ഥലമെടുപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും ഐസക് പറഞ്ഞു.



