കോൺഗ്രസിൽ പൊട്ടിത്തെറി.. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിൽ…
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വീട്ടമ്മയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്‍റെ സസ്പെൻഷൻ ഒഴിവാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം ജനറൽ സെക്രട്ടറി മിഷ, ജയ, ഉഷ ഉൾപ്പടെയുള്ള പത്തോളം പേരാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞമാസം 19-ാം തീയതിയാണ് നഗരസഭ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഈ നടപടി പിൻവലിക്കണമെന്നും ജോസ് ഫ്രാങ്ക്ളിനെ തിരികെ എടുക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ വി എസ് ശിവകുമാറും നെയ്യാറ്റിൻകര സനലും ഇന്നലെ കെപിസിസി പ്രസിഡന്റുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മഹിളാകോൺഗ്രസ് പ്രവർത്തകരുടെ രാജി. നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിലുള്ള ജോസ് ഫ്രാങ്ക്ളിന്റെ ഇടപെടലിലും പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. ഇനിയും കൂടുതൽ പേര്‍ ബിജെപിയിലേക്ക് വരുമെന്നാണ് മുൻ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്



