കോണ്‍ഗ്രസ് ജില്ലാ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം…. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്ക്….

മാവേലിക്കര: മാവേലിക്കര, നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മീനു സജീവ്, ഔട്ട് റീച്ച് സെല്‍ മുന്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ അഡ്വ.മുത്താര രാജ്, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനിത സജി എന്നിവർക്കാണ് പരിക്കേറ്റത്.

പുതിയകാവ് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് ജില്ലാ ആശുപത്രിയ്ക്ക് നൂറ് മീറ്റര്‍ മുന്‍പായി തടഞ്ഞു. തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് ആശുപത്രിയ്ക്ക് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടാകുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മീനു സജീവിന് ലാത്തിയ്ക്ക് അടിയേറ്റുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. ഇതിനിടെയാണ് ഔട്ട് റീച്ച് സെല്‍ മുന്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ അഡ്വ.മുത്താര രാജ്, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനിത സജി എന്നിവര്‍ക്ക് പരിക്കേറ്റത്.

കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം കോശി.എം കോശി മാർച്ച് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആര്‍.മുരളീധരന്‍, അഡ്വ.കുഞ്ഞുമോള്‍ രാജു, നൈനാന്‍.സി.കുറ്റിശേരി, ലളിത രവീന്ദ്രനാഥ്, കെ.എല്‍,മോഹന്‍ലാല്‍, എം.കെ.സുധീര്‍, രാജന്‍ പൈനുമ്മൂട്ടില്‍, മനോജ്.സി.ശേഖര്‍, കെ.ഗോപന്‍, മാത്യു കണ്ടത്തില്‍, ജസ്റ്റിന്‍സന്‍ പാട്രിക്, ബിനു കല്ലുമല, പ്രകാശ് വളളികുന്നം, അനില്‍ പാറ്റൂര്‍, ഹരികുമാര്‍, അന്‍വര്‍, പ്രിന്‍സ് കാവില്‍, വൈ.രമേശ്, എസ്.സാദിഖ്, ബിനു ഉസ്മാന്‍, സജീവ് പൈനുമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍ പുതിയകാവിലേക്ക് മാര്‍ച്ച് നടത്തി. തുടർന്ന് പുതിയകാവ് ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആര്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷനായി.

Related Articles

Back to top button