ഭാരത മാതാവിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവര്‍ പോലും ഭാരത് മാതാ കീ വിളിക്കുന്നത് നല്ല കാര്യം…
ഭാരത് മാതാ സങ്കല്‍പ്പം വിവാദമാക്കരുതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരത് മാതാ എന്ന ആശയം സംവാദത്തിനുളള വിഷയമല്ലെന്നും രാഷ്ട്രീയ വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും മുകളിലാണ് ഭാരത് മാതാ സങ്കല്‍പ്പമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരമ്മയുടെ മക്കളായ സഹോദരീ സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയരെന്നും അമ്മ എങ്ങനെയാണ് ചര്‍ച്ചാ വിഷയം ആകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരത മാതാവിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവര്‍ പോലും ഭാരത് മാതാ കീ വിളിക്കുന്നത് നല്ല കാര്യമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നടത്താനിരുന്ന സര്‍ക്കാര്‍ പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചത്. എന്നാല്‍ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. തുടര്‍ന്ന് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി പുഷ്പാര്‍ച്ചന നടത്തി. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേതാണ് എന്നാണ് സിപിഐഎം പറഞ്ഞത്. അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്ന സങ്കൽപ്പമോ ഭരണഘടനാ സങ്കൽപവുമോ അല്ലെന്നും അതിനാൽ ഭാരത് മാതാ സങ്കൽപം അംഗീകരിക്കാനാവില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഭാരത് മാതാ സങ്കൽപം മറ്റുള്ളവർ അംഗീകരിക്കണമെന്ന് വാശിപിടിക്കുന്നത് ഫാസിസമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.