ജഡ്ജിക്ക് പാലഭിഷേകം.. ഉത്‌ഘാടനം ചെയ്യാൻ രാഹുല്‍ ഈശ്വറും എത്തി.. എന്നാൽ സംഭവിച്ചത് മറ്റൊന്ന്…

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു.

രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. തുടര്‍ന്ന് വേറെ വിഷയമൊന്നുമില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നു പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്‌ഐയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറയുന്നു. കട്ടൗട്ട് പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Back to top button