ടിപ്പര്‍ ലോറികളില്‍ മണ്ണ് അലക്ഷ്യമായി കൊണ്ടുപോകുന്നതിനെതിരെ ഡിവൈഎസ്പിക്കും ആര്‍ഡിഒയ്ക്കും ജോയിന്റ് ആര്‍റ്റിഒയ്ക്കും പരാതി
ചെങ്ങന്നൂര്‍: ടിപ്പര്‍ ലോറികളില്‍ അലക്ഷ്യമായി മണ്ണ് കൊണ്ടുപോകുന്നതിനെതിരെ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ ആര്‍ഡിഒയ്ക്കും ഡിവൈഎസ്പിയ്ക്കും ജോയിന്റ് ആര്‍.റ്റി.ഒയ്ക്കും പരാതി നല്‍കി. ചെങ്ങന്നൂരിലും സമീപ പ്രദേശങ്ങളിലും റോഡിലൂടെ മണ്ണുമായി പോകുന്ന ടിപ്പറുകളില്‍ നിന്നും ടോറസുകളില്‍ നിന്നും മണ്ണ് റോഡിലേയ്ക്ക് വീഴുന്നത് പതിവാകുകയാണ്. എം.സി. റോഡ്, കോഴഞ്ചേരി റോഡ്, മാവേലിക്കര റോഡ് തുടങ്ങിയ നഗരത്തിലെ സുപ്രധാന റോഡുകളിലെല്ലാം മണ്ണ് വീണു കിടക്കുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. നനഞ്ഞ മണ്ണ് റോഡില്‍ കട്ടിയായി വീണുകിടക്കുന്നത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്. നല്ല വെയില്‍ ആകുന്നതോടെ മണ്ണ് ഉണങ്ങി പൊടി പറന്നുള്ള ശല്ല്യം രൂക്ഷമാണ്. പൊടി പറക്കുന്നത് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരേയും കാല്‍നട യാത്രക്കാരേയും വ്യാപാര സ്ഥാപനങ്ങളിലുള്ളവരേയും ദുരിതത്തിലാക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. വാഹനങ്ങളില്‍ നിന്ന് മണ്ണ് റോഡില്‍ വീഴാതെയും മണ്ണ് പറന്ന് മറ്റുള്ളവര്‍ക്ക് ദുരിതം ഉണ്ടാകാത്ത രീതിയിലും സുരക്ഷിതമായി കൊണ്ടു പോകണമെന്ന നിബന്ധന ലംഘിച്ചാണ് മണ്ണ് കൊണ്ടുപോകുന്നത്. രാവിലെയും വൈകിട്ടും കര്‍ശന നിയന്ത്രണമുള്ള സമയങ്ങളിലും മണ്ണുമായി ടിപ്പര്‍ ലോറികള്‍ പോകുന്നതും പതിവാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കണമെന്നു വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ നല്‍കിയ പരാതിയില്‍പറയുന്നു.