ക്ഷേമനിധി അംഗത്വം നൽകാൻ വീട്ടിലെത്തി..ജൂസ് നൽകി..വീട്ടമ്മയുടെ ബോധം പോയി..പിന്നാലെ ആഭരണങ്ങളും…
സ്ത്രീക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി എട്ട് പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.ക്ഷേമനിധി ബോർഡിലെ ജീവനക്കാരിയെന്ന വ്യാജേന എത്തിയ സ്ത്രീയാണ് ശുചീന്ദ്രം നല്ലൂർ സ്വദേശി ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്തിയുടെ (61) ആഭരണങ്ങൾ കവർന്നത്.ശാന്തിയും 98 വയസ്സുള്ള അമ്മയും മാത്രമാണ് വീട്ടിൽ താമസം. കഴിഞ്ഞ ദിവസം റോഡിൽവെച്ച് പരിചയപ്പെട്ട സ്ത്രീ, ശാന്തിക്ക് ക്ഷേമനിധി അംഗത്വം നൽകാമെന്ന് പറഞ്ഞ് വീട്ടിലെത്തി. ക്ഷേമനിധിക്ക് ഫോട്ടോ എടുക്കുമ്പോൾ ആഭരണങ്ങൾ ധരിക്കാൻ പാടില്ലെന്ന് പറഞ്ഞ് മാലയും കമ്മലും ഊരിവെപ്പിച്ചു. തുടർന്ന് സംസാരത്തിനിടയിൽ വീട്ടിലെ അടുക്കളയിൽച്ചെന്ന സ്ത്രീ, അവിടെയിരുന്ന ഓറഞ്ച് ജൂസ് തയ്യാറാക്കി ശാന്തിക്ക് നൽകി. തുടർന്ന് ബോധരഹിതയായ ശാന്തി മയക്കം തെളിഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ടതറിഞ്ഞത്.സംഭവത്തിൽ ശുചീന്ദ്രം പോലീസ് കേസെടുത്തു.