സരസ്വതി പൂജയ്ക്കായി സംഭാവന നൽകിയില്ല, ഉച്ച ഭക്ഷണം പോലും നൽകാതെ വിദ്യാർത്ഥികളെ ഏത്തമിടീപ്പിച്ചുവെന്ന് പരാതി ….

സരസ്വതി പൂജയ്ക്ക് 100 രൂപ സംഭാവന നൽകിയില്ല.വിദ്യാർത്ഥികൾക്ക് നേര ക്രൂരമായ ശിക്ഷാ നടപടിയുമായി അധ്യാപകർ. ഉച്ച ഭക്ഷണം പോലും നൽകാതെയുള്ള ശിക്ഷയ്ക്ക് ശേഷം വീട്ടിൽ പോകാൻ അനുവാദം ചോദിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ശൂർപ്പണഖ എന്ന് വിളിച്ച് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനിച്ചതായാണ് പരാതി. ജാർഖണ്ഡിലെ ദുംഖയിലെ ജാർമുണ്ഡി ഗേൾസ് മിഡിൽ സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളോട് സരസ്വതി പൂജയ്ക്ക് സംഭാവനയായി 100 രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. തുക കൊണ്ടുവരാത്ത കുട്ടികളെ 100 തവണ ഏത്തമിടീപ്പിക്കുകയും ,ഉച്ചഭക്ഷണം നിഷേധിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് ഏതാനും രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
ജാര്‍മുണ്ടി ഗേള്‍സ് മിഡില്‍ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് സരസ്വതി പൂജയ്ക്ക് വിദ്യാര്‍ത്ഥികളോട് 100 രൂപ സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടത്. പൂജയ്ക്ക് ശേഷം പണം കൊണ്ടുവരാത്ത വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുകയും സ്‌കൂളില്‍ പോകുന്നത് തടയുകയും ചെയ്തതായി പരാതിയില്‍ ആരോപണമുണ്ട്. പണം നൽകാത്തതിന് നൂറ് തവണ ഭക്ഷണം പോലും കഴിക്കാതെ ഏത്തമിട്ട ശേഷം വിശന്ന് വലഞ്ഞ് വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിനി നീതുകുമാരിയെ ആക്ഷേപിച്ച ശേഷം ക്ലാസ് തീരുന്നത് വരെ സ്കൂളിൽ പിടിച്ചുനിർത്തിയെന്നും ആരോപണം വിശദമാക്കുന്നുണ്ട്.
വൈകുന്നേരം വീട്ടിലെത്തിയ മകൾ കാലുവേദനകൊണ്ടും വയറുവേദനയും എടുത്ത് നിലവിളിക്കുന്നത് കണ്ട് വീട്ടുകാർ വിവരം അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ നേരിട്ട ക്രൂരത വിദ്യാർത്ഥിനി വിശദമാക്കുന്നത്. ഏഴോളം വിദ്യാർത്ഥികളാണ് സ്കൂളിനെതിരെ പരാതിപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദുംഖ ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കുന്നത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നല്‍കിയെന്നും ദുംഖ ഡെപ്യൂട്ടി കമ്മീഷണര്‍ അഭിജിത്ത് സിന്‍ഹ വ്യക്തമാക്കി.




