വെള്ള ഷർട്ടും മുണ്ടും ധരിച്ചെത്തിയ ആൾ, ആരും കാണാതെ അരയിൽ മദ്യം തിരുകി മടങ്ങി, എല്ലാം കണ്ടത്…
കാഞ്ഞങ്ങാട്ടെ ബിവറേജസ് കോർപ്പറേഷൻ്റെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷണം പോയതായി പരാതി. തുടർച്ചയായി സ്റ്റോക്കിൽ മദ്യകുപ്പിയുടെ കുറവ് കണ്ടെത്താൻ തുടങ്ങിയതിന് പിന്നാലെ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടക്കുന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ സഹിതം തെളിവായി നൽകിക്കൊണ്ട് അധികൃതർ പൊലീസിനെ സമീപിച്ചത്. ഹൊസ്ദുർഗ് പൊലീസിനാണ് ഷോപ്പ് ഇൻ ചാർജ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ചെത്തിയ ഒരാൾ കാഞ്ഞങ്ങാട്ടെ ബിവറേജസ് കോർപ്പറേഷൻ്റെ ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച മദ്യം ഇയാൾ അരയിൽ തിരുകിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിസ്കിയാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



