ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തി.. വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിയെ സ്‌കൂളിൽനിന്ന് പുറത്താക്കിയെന്ന് പരാതി. അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് ഗ്രൂപ്പിലെ രണ്ട് വിദ്യാർത്ഥികളെയാണ് കറുപ്പ് വസ്ത്രം ധരിച്ചെത്തിയതിന് ക്ലാസിൽ നിന്ന് പുറത്താക്കിയത്. ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് ഇരുവരെയും ക്ലാസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
സ്‌കൂളിലേക്ക് ബിജെപി, കോൺഗ്രസ്, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ തർക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടർന്ന് സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.
യൂണിഫോം ധരിക്കാതെ ക്ലാസിൽ ഇരുത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാൻ പറഞ്ഞ് പുറത്താക്കിയ കുട്ടികൾ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു.


