ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി

കൊച്ചിൻ ദേവസ്വം ബോർഡിൽ ഭൂമിക്കൊള്ള നടന്നതായി പരാതി. കൊച്ചിൻ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ ഭക്തയുടെ ഭൂമി തട്ടിയെടുത്തതായാണ് പരാതി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായ സുനിൽകുമാറിനെതിരെയാണ് പരാതിയുള്ളത്. പരാതിക്കാരനായ നെട്ടിശ്ശേരി സ്വദേശി ഇ സരീഷ് വിജിലൻസിനാണ് പരാതി നൽകിയത്.

ക്ഷേത്രത്തിനു ദാനമായി കിട്ടിയ 70 സെൻ്റ് ഭൂമി സുനിൽ കുമാർ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ഇയാൾ സ്വന്തം പേരിലേക്ക് മാറ്റി. റിട്ടയേർഡ് അധ്യാപികയായ എ കുഞ്ഞിക്കാവുഅമ്മ ക്ഷേത്രത്തിനു ഇഷ്ടദാനം നൽകിയ ഭൂമിയാണിത്. ഭൂമി വിറ്റ് വില്വാദ്രിനാഥ ക്ഷേത്രം നവീകരിക്കണമെന്നായിരുന്നു ഒസ്യത്ത്. എന്നാൽ, ഇഷ്ടദാനമായി ഭൂമി കിട്ടിയ വിവരം സുനിൽകുമാർ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നില്ലെന്നും ഭക്തയുടെ മരണശേഷം ഇയാൾ ഭൂമിയുടെ നികുതിയടച്ച് സ്വന്തം പേരിലാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. വിജിലൻസ് എറണാകുളം റേഞ്ച് പോലീസ് സൂപ്രണ്ടിനാണ് പരാതി നൽകിയത്.

Related Articles

Back to top button