വാഹന പരിശോധനയ്ക്കിടെ അപകടം; ആലപ്പുഴയിൽ പരിക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ അപകടം. അപടത്തിൽ പരിക്കേറ്റ യുവാവിനെ പൊലിസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് പരാതി. പരിക്കേറ്റ അനിൽ രാജേന്ദ്രൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കണ്ണമാലി പൊലീസ് രം​ഗത്തെത്തി. യുവാക്കൾ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൈകാണിച്ചിട്ടും ബൈക്ക് നിർത്തിയില്ലെന്നും സിപിഒ ബിജുമോനെ ബൈക്കിലുള്ളവർ ഇടിച്ചിട്ടെന്നും പൊലീസ് പറഞ്ഞു. പൊലീസുകാരന് ഗുരുതര പരിക്കേൽക്കുകയും ബോധം പോവുകയും ചെയ്തു. അതുകൊണ്ടാണ് വേഗത്തിൽ പൊലീസുകാരനെ ആശുപത്രിയിൽ എത്തിച്ചതെന്നും ബൈക്ക് യാത്രികർക്ക് കാര്യമായ പരിക്കില്ലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പരിക്കേറ്റ് കിടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് പരിക്കേറ്റ രാഹുൽ പറഞ്ഞു. പരിക്കേറ്റ പൊലീസുകാരനെ വാഹനത്തിൽ കയറ്റാൻ സഹായിച്ചെന്നും ചോരയിൽ കുളിച്ചു കിടക്കുന്ന കൂട്ടുകാരനെകൂടി ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും കൊണ്ട്പോകൂ എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അനിൽ പറയുന്നു. വാഹനപരിശോധന ശ്രദ്ധയിൽപെട്ടത് തൊട്ടടുത്ത് എത്തിയപ്പോൾ ആണെന്നും വാഹനം നിർത്തും മുമ്പ് തന്നെ പൊലീസ് വാഹനം പിടിച്ചു നിർത്താൻ ശ്രമിച്ചെന്നും അനിൽ പറ‍ഞ്ഞു. അങ്ങനെയാണ് ബൈക്ക് അപകടത്തിൽപെട്ടത്. പൊലീസും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടു പേരും തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിൽ 15 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് രാഹുൽ സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Back to top button