യുഡിഎഫ്-എൽഡിഎഫ് താരതമ്യ പരസ്യത്തിനെതിരെ പരാതി…

തിരുവനന്തപുരം: വിവിധ പത്രങ്ങളിലായി വന്ന യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യപരസ്യങ്ങൾക്കെതിരെ പരാതി. അധ്യാപകനായ ഷിനോ പി ജോസ് ആണ് പരാതിയുമായി രംഗത്തുവന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.
വായനക്കാരായ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരസ്യം എന്നാണ് ആരോപണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനങ്ങളെത്തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിആർഡി വിഭാഗത്തെ ഉപയോഗിച്ചു എന്നും പരാതിയിലുണ്ട്. പിആർഡിക്കെതിരെയും എൽഡിഎഫ് കൺവീനർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം.
ദേശാഭിമാനി, മാധ്യമം തുടങ്ങിയ നിരവധി മലയാളം പത്രങ്ങളിലും ദി ഹിന്ദു തുടങ്ങിയ നിരവധി ഇംഗ്ലീഷ് പത്രങ്ങളിലും മാർച്ച് അഞ്ചിനാണ് സർക്കാരിന്റെ പ്രചാരണ പരസ്യം വന്നത്. ‘ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’ എന്നിങ്ങനെയെല്ലാമാണ് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. രണ്ടാം പേജില്‍ പിണറായി വിജയന്റെ കാലത്ത് ഇതേ കാര്യങ്ങള്‍ പരിഹരിച്ചതായി പറയുന്നു.



