തർക്കത്തിന്റെ വിവരങ്ങള്‍ ചോദിക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.. പിന്നാലെ ബൂട്ടിന് ചവിട്ടി.. പോലീസിനെതിരെ വീണ്ടും…
അങ്കമാലിയിലും പൊലീസിനെതിരെ പരാതി. അങ്കമാലിയിലെ ഓട്ടോ ഡ്രൈവറായ സിബീഷിനെ പൊലീസ് മർദിച്ചതെന്നാണ് പരാതി. ഓട്ടോ സ്റ്റാന്റിലുണ്ടായ തർക്കത്തിന്റെ വിവരങ്ങള്‍ ചോദിക്കാനെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എസ് ഐ നിലത്തിട്ട് ബൂട്ടിന് ചവിട്ടുകയും ഓഫീസ് റൂമിൽ വച്ച് മർദിക്കുകയും ചെയ്തതായി സിബീഷ്.
എസ് ഐ വീട്ടുകാരെ അസഭ്യം പറയുകയും വലതുകൈകൊണ്ട് നെഞ്ചിൽ വീശി അടിക്കുകയും ചെയ്തു. അങ്കമാലി സ്റ്റേഷനിലെ എസ് ഐ പ്രദീപ് കുമാറിനെതിരായാണ് പരാതി. മർദനത്തിൽ കാലുകളിൽ സാരമായി പരുക്കേറ്റ ഇയാൾ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിലും പൊലീസ് ബൂട്ട് ഇട്ട് ചവിട്ടിയതാണ് കാലിന്റെ തൊലി പോകാൻ കാരണമെന്ന് വ്യക്തമായിരുന്നു.
ജൂലൈ 6 നാണ് മർദനമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും എസ്പിക്കും അടക്കം പരാതി നൽകിയിട്ടുണ്ട്. തന്നെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ സ്റ്റേഷനിൽ എത്തിയവരുടെ സ്വകാര്യത നഷ്ടമാകുമെന്നായിരുന്നു പൊലീസിന്റെ വിചിത്രമായ മറുപടി. കേസിൽ കക്ഷിപോലും അല്ലാത്ത ഒരാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്തുവെന്നാണ് പരാതി.