യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി…ആത്മഹത്യ കുറിപ്പിൽ..

കണ്ണൂര്‍ പായം സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടര്‍ന്നെന്ന് പരാതി. സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞുമാണ് സ്‌നേഹയെ ഭര്‍ത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജിനീഷിനെ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണെന്നാണ് സ്‌നേഹയുടെ രണ്ട് വരി ആത്മഹത്യ കുറിപ്പ്..

അഞ്ച് വര്‍ഷം മുമ്പായിരുന്നു സ്‌നേഹയും ജിനീഷും തമ്മിലുള്ള വിവാഹം. സ്‌നേഹയുടെ മേലുള്ള സംശയമായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടു. ഒടുവില്‍ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജിനീഷ് ഫോണില്‍ വിളിച്ച് സ്‌നേഹയെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ വൈകിട്ടാണ് 24കാരിയായ സ്‌നേഹയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോറി ഡ്രൈവറായ ജിനീഷ് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

Related Articles

Back to top button