പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം, പക്ഷേ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രം പ്രഖ്യാപനം

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിച്ച് സിപിഎം. പാലക്കാട് മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.സരിന്റെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. യുഡിഎഫ് അടക്കം മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മതി പാലക്കാട്ടെ പ്രഖ്യാപനമെന്നാണ് പാർട്ടിയിലെ ധാരണ. ആലത്തൂരിലും, നെൻമാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കും. ആ സാഹചര്യത്തിൽ ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രേമൻ്റെ പേരും നിർദ്ദേശിച്ചതായാണ് വിവരം.
എന്നാൽ അതേ സമയം, എംബി രാജേഷിന്റെ തൃത്താലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. എം.ബി.രാജേഷ് തൃത്താലയിൽ തുടരും. സിപിഎം മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിൽ സിറ്റിങ്ങ് എംഎൽഎമാരെ നിലനിർത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്. എ.വിജയരാഘവൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ആണ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്.




