എന്നെ കൊണ്ടുപോകാൻ വരൂ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു; ട്രംപിനെ വെല്ലുവിളിച്ച് പെട്രോ

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ‘എന്നെ കൊണ്ടുപോകാൻ വരൂ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു’ എന്നാണ് കൊളംബിയൻ പ്രസിഡന്‍റ് പറഞ്ഞത്. ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് മറുപടിയുമായി പെട്രോ രംഗത്തെത്തിയത്.അവർ (യുഎസ്) ബോംബിട്ടാൽ, ജനങ്ങൾ മലനിരകളിൽ ഗറില്ലകളായി മാറും. രാജ്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രസിഡന്റിനെ തടവിലാക്കിയാൽ അവർ പ്രത്യാക്രമണം നടത്തും. ഇനി ഒരു ആയുധവും തൊടില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്തതാണ്. പക്ഷേ മാതൃരാജ്യത്തിനുവേണ്ടി ഞാൻ വീണ്ടും ആയുധമെടുക്കും”- ഗുസ്താവോ പെട്രോ പറഞ്ഞു. ഗറില്ല ഗ്രൂപ്പ് അംഗമായിരുന്ന പെട്രോ 1990കളിലാണ് സായുധ വഴിയിൽ നിന്ന് പിന്മാറിയത്.
വെനിസ്വേലയ്‌ക്കെതിരായ ആക്രമണത്തിനു ശേഷമാണ് ട്രംപ് കൊളംബിയക്കെതിരെ തിരിഞ്ഞത്. കൊളംബിയ ഭരിക്കുന്നത് യുഎസിലേക്ക് മയക്കുമരുന്ന് വിൽക്കുന്ന ഒരാളാണെന്ന് ട്രംപ് ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള വാഗ്വാദം തുടങ്ങിയത്. “കൊളംബിയയും രോഗാതുരമായ രാജ്യമാണ്. കൊക്കെയ്ൻ നിർമ്മിച്ച് അമേരിക്കയിലേക്ക് വിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരു രോഗിയാണ് അവിടെ ഭരിക്കുന്നത്. അദ്ദേഹം അത് അധികകാലം ചെയ്യാൻ പോകുന്നില്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. കൊളംബിയയ്‌ക്കെതിരെ ഒരു ഓപ്പറേഷൻ ആരംഭിക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു”, എന്നായിരുന്നു പരാമർശം.

