പിഎംശ്രീയിൽ കേരളം ഒപ്പുവെച്ചതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് സുരേന്ദ്രൻ

പിഎംശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പിഎംശ്രീയിൽ കേരളം ഒപ്പുവെച്ചത് നല്ലകാര്യമാണെന്നും സിപിഐ എന്ന പാർട്ടിക്ക് കേരളത്തിൽ റെലവൻസില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി കുനിയാൻ പറഞ്ഞാൽ ബിനോയ് വിശ്വം മുട്ടിലിഴയുമെന്നും അദ്ദേഹം പരിഹസിച്ചു
ആദ്യം കുറെ ബഹളം വെക്കും പിന്നെ കീഴടങ്ങും. മാവോയിസ്റ്റു വെടിവെപ്പിൽ കുറെ അധരവ്യായാമം നടത്തി. പിന്നെ എഡിജിപി അജിത് കുമാർ വിഷയത്തിൽ ഇപ്പം മൂക്കിൽ കയറ്റിക്കളയുമെന്ന ഗീർവാണം. അങ്ങനെ എത്രയെത്ര കീഴടങ്ങലുകൾ. എൻ.ഇ.പിയും അംഗീകരിക്കും എസ്.ഐ.ആറും നടപ്പാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പൗരത്വ രജിസ്റ്ററും കേരളത്തിൽ വരും. കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തിൽ നടപ്പായിരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സഖാവ് ബിനോയ് വിശ്വം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ ആപ്തവാക്യം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതുമാത്രമാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു



