കേരളയാത്ര സമാപന വേദിയിൽ വാക്പോര്

കാന്തപുരത്തിന്റെ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വാക്പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാത്തരം വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഒരു വശത്ത് മതേതരത്വം പറഞ്ഞിട്ട്, മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാട അണിയിക്കരുതെന്ന് വി ഡി സതീശൻ തിരിച്ചടിച്ചു. കാറിൽ കയറ്റുന്നത് സൂക്ഷിച്ച് വേണമെന്ന് വെള്ളാപ്പള്ളിയൊത്തുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര പരോക്ഷമായി പരാമർശിച്ച് സതീശൻ പറഞ്ഞു.
“വോട്ട് പോയാൽ പോട്ടെ എന്ന് വയ്ക്കണം. കാറിൽ കയറ്റുന്നവരെ സൂക്ഷിച്ച് കാറിൽ കയറ്റണം. അവർ വിദ്വേഷം പ്രസംഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മതേതരത്വത്തെ തൊട്ടു കളിച്ചാൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല, കാപട്യം പാടില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും മതേതരത്വം ബലി കഴിച്ചു കൊണ്ടുള്ള ഒരു കോംപ്രമൈസിനും തയ്യാറല്ല. ഒരു വിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു”- എന്നാണ് വി ഡി സതീശൻ പറഞ്ഞത്. ജാമിയ മിലിയ സർവകലാശാല തകർക്കാൻ അക്രമികൾ എത്തിയപ്പോൾ സർവ്വകലാശാലയ്ക്ക് നെഹ്റു കാവൽ നിന്ന കാര്യവും വി ഡി സതീശൻ പരാമർശിച്ചു. തലശ്ശേരി കലാപ കാലത്ത് സഖാക്കൾ പള്ളിക്ക് കാവൽ നിന്ന വിഷയം മുഖ്യമന്ത്രി പരാമർശിച്ചതിന് പിന്നാലെയാണ് സതീശൻ ഈ പരാമർശം നടത്തിയത്.




