ആലപ്പുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞു..പിന്നാലെ ഡോൾഫിന്‍റെ ജഡവും..കാരണം..
ഹരിപ്പാട്: ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്‍റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ തീരദേശം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ സുവോളജി വിഭാഗം മേധാവി എസ് ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടത്.
പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ചാകാൻ കാരണമെന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ ഇക്കാര്യം വ്യക്തമാകൂ. റാന്നി കരികുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്)ജെ ഡി സോളമൻ ജോണിന്‍റെ നേതൃത്വത്തിലുളള സംഘമാണ് മേൽനടപടികൾ സ്വീകരിച്ചത്. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.