ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവിനെ….

ഭാര്യയെ വെട്ടിക്കൊന്ന ശേഷം, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് അത് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി ഭർത്താവ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. തിരുനെൽവേലി സ്വദേശിനിയായ ശ്രീപ്രിയയെ ആണ് ഭർത്താവ് ബാലമുരുകൻ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്കാണ് കോയമ്പത്തൂരിലെ ഒരു വനിതാ ഹോസ്റ്റലിലാണ് സംഭവം നടക്കുന്നത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ശ്രീപ്രിയ. ഭാര്യയെ കാണാനെന്ന വ്യാജേന ഹോസ്റ്റലിലെത്തിയ ബാലമുരുകൻ, വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച അരിവാളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇരുവരും സംസാരിക്കുമ്പോളുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ശ്രീപ്രിയയെ വെട്ടിക്കൊന്ന ശേഷമാണ് ബാലമുരുകൻ മൃതദേഹത്തോടൊപ്പം സെൽഫി എടുത്തത്. “വഞ്ചനയ്ക്കുള്ള മറുപടി മരണമാണെന്ന്” കുറിച്ചുകൊണ്ട് ചിത്രം വാട്സാപ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആക്രമണം നടന്നപ്പോൾ ഹോസ്റ്റലിലെ മറ്റു സ്ത്രീകൾ ഭീതിയിൽ പുറത്തേക്ക് ഓടി. എന്നാൽ ബാലമുരുകൻ രക്ഷപ്പെടാൻ ശ്രമിച്ചില്ല. പകരം പൊലീസ് എത്തുന്നതുവരെ സ്ഥലത്ത് തന്നെ നിന്നു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയും കൊലചെയ്യാനുപയോഗിച്ച ആയുധമായ അരിവാൾ കണ്ടെടുക്കുകയും ചെയ്തു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പ്രാഥമിക നിഗമനം. “അവൾ തന്നെ വഞ്ചിച്ചു; ഒറ്റിക്കൊടുത്തു” എന്ന ബാലമുരുകന്റെ ആരോപണവും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.



