ശവപ്പെട്ടി സമരം ഫലം കണ്ടു, താത്കാലി പോര്‍ട്ടബിള്‍ ശ്മശാനത്തിന് കൗണ്‍സിലിന്റെ പച്ചക്കൊടി

മാവേലിക്കര: ശ്മശാനം സംബന്ധിച്ച മാവേലിക്കരയിലെ ഭൂരഹിതരുടെ ആശങ്കയ്ക്ക് ആശ്വാസമാകുന്നു. മാവേലിക്കര നഗരസഭ കൗണ്‍സില്‍ പോര്‍ട്ടബിള്‍ ഫര്‍ണസ് കരാര്‍ നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായി. 29ന് ഉച്ചയ്ക്ക് നടന്ന സ്റ്റിയറിംഗ് കമ്മറ്റിയുടെ അടിയന്തിര യോഗത്തിന്റെ തീരുമാനം സപ്ലിമെന്ററി നിര്‍ദ്ദേശമായാണ് ഇന്ന് നടന്ന കൗണ്‍സിലില്‍ ചർച്ച ചെയ്തത്. കൗണ്‍സില്‍ ഐകകണ്‌ഠേന ഇതിനെ പിന്‍തുണയ്ക്കുകയായിരുന്നു. നിലവില്‍ ഫര്‍ണസ് ഉപയോഗിച്ച് ശവസംസ്‌കാരം നടത്തുന്നവരില്‍ നിന്ന് താത്പര്യപത്രം വാങ്ങി അതില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് കരാര്‍ നല്‍കുവാനാണ് തീരുമാനം. 15 ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് കൂടാതെ ചിതാഭസ്മം സംരക്ഷിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണെന്നും നിര്‍ദ്ദേശമുണ്ടായി.

കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകനും നഗരവാസിയുമായിരുന്നു യൂ.ആര്‍.മനു നഗരവാസികള്‍ക്കായി പോര്‍ട്ടബിള്‍ ഫര്‍ണസ് സ്ഥാപിച്ച് ശ്മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യപ്പെട്ട് ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട് ഏകദിന നിരാഹാരസമരം നടത്തിയിരുന്നു. പോര്‍ട്ടബിള്‍ ഫര്‍ണസ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ച നഗരസഭയെ കോണ്‍ഫഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ മാവേലിക്കര അഭിനന്ദിച്ചു. മൂന്ന് വര്‍ഷമായി ശ്മശാനം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം കത്ത് നൽകിയിരുന്നു. കോറം ഭാഗവാഹികളായ പ്രസിഡന്റ് കെ.പി.വിദ്യാധരന്‍ ഉണ്ണിത്താന്‍ സെക്രട്ടറി ശശികുമാര്‍, കെ.പി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍ നൈനാന്‍.സി.കുറ്റിശേരിയെ ചെയമ്പറിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

Related Articles

Back to top button