കൊച്ചിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്…

കൊച്ചി: കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. എളമക്കര സ്വദേശി റിൻഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. ഇത് വീട്ടിലുള്ളവരെ പരിഭ്രാന്തരാക്കി. തുടർന്ന് വീട്ടുകാർ കുട്ടിയുടെ സ്കൂൾ ബാഗ് മുറ്റത്തേക്ക് എറിയുകയും കുറേയധികം ചാക്കിട്ട് മൂടുകയുമായിരുന്നു.



