പി.എം.ശ്രീയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി.. തിരക്കിട്ട നീക്കവുമായി സിപിഎം…

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം.
പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കമാണ് സിപിഎം നടത്തുന്നത് . തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ അതിവേഗം പ്രശ്‌നപരിഹാരത്തിനാണ് നീക്കം. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ മറ്റൊരു അനുനയത്തിനും ഇല്ലെന്നാണ് സിപിഐലെ ഒരു വിഭാഗത്തിന്റെ നിലപാട്.
പി എം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാന സർക്കാറിന്റെ നടപടിയിൽ എതിർപ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.



