കേരളത്തോട് വിവേചനമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ‘ഈ സ്ഥലങ്ങളിലേക്ക് പുതിയ സർവ്വീസുകൾ…

ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളിൽ താൽക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയർ ഇന്ത്യ എക്സ് പ്രസ് അധികൃതർ ഉറപ്പ് നഷകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബർ അവസാനം മുതൽ മാർച്ച് 26 വരെ നീണ്ടു നിൽക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ് പ്രസ് കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളിൽ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എയർ ഇന്ത്യ അധികൃതരുടെ പ്രതികരണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്ചയിൽ 42 വിമാന സർവ്വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി. അതേസമയം കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. അവയിൽ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതുവഴി കേരളത്തിൻറെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് സേവനങ്ങൾ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവത്തതാണ്. ഗൾഫ് മേഖലയിൽ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ് എക്സ്പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി എടുക്കാതിരിക്കാൻ സംസ്ഥാന സർക്കാരുമായി കൂടിയാലോചനാ സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ശൈത്യകാലങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തിയതെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സർവ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സർവ്വീസുകളുടെ എണ്ണം 245 ആയും വർധിപ്പിക്കും. ഇതോടെ ശൈത്യകാലത്തിൽ വരുത്തിയ കുറവ് പരിഹരിക്കപ്പെടും. ഫുജൈറ, മെദീന, മാലി, സംഗപൂർ, ലണ്ടൻ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പുതിയ സർവ്വീസുകൾ തുടങ്ങും. ബെംഗളൂരു വഴിയോ സിംഗപ്പൂർ വഴിയോ ആസ്ട്രേലിയ – ജപ്പാൻ സർവ്വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. ഓണം, ക്രസ്തുമസ്, പുതുവർഷം തുടങ്ങിയ സീസണുകളിൽ അധിക വിമാനങ്ങൾ ഗൾഫ് മേഖലയിൽ സർവ്വീസ് നടത്താൻ നടപടിയെടുക്കും. തിരുവനന്തപുരത്തിനും ഡൽഹിക്കും ഇടയിൽ ബിസിനസ് ക്ലാസുള്ള വിമാനം പരിഗണിക്കും. തിരുവനന്തപുരം – ദുബായ് പോലുള്ള സെക്ടറുകളിൽ കുറവ് വരുത്തിയ വിമാനങ്ങൾ ഈ സീസണിൽ തന്നെ മടക്കിക്കൊണ്ടു വരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button