നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണ്ണായക കൂടിക്കാഴ്ച.. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ…

നിയമസഭ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനും കൂടുതൽ സഹായം അഭ്യർത്ഥിച്ചുമാണ് മുഖ്യമന്ത്രി രാജ്യതലസ്ഥാനത്തെത്തിയത്‍. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും, കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. നാളെ പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തത്തിൽ കേന്ദ്രം കൂടുതൽ സഹായം അനുവദിക്കണമെന്ന ആവശ്യമാണ് അമിത്ഷായെ കണ്ട മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നാണ് വിവരം. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് പിന്നാലെ രണ്ടായിരം കോടിയായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതുവരെ 206. 56 കോടി രൂപമാത്രമാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. ഹൈക്കോടതിയിലെ കേസിലും കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അരമണിക്കൂർ നേരമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ സംസാരിച്ചത്. പുറത്തുവന്ന മുഖ്യമന്തി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

അമിത്ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു. സാധാരണയായി ഔദ്യോഗിക കൂടിക്കാഴ്ചകൾ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. വളരെ അപൂർവ്വമായി മാത്രമേ ഔദ്യോഗിക വസതിയിൽ അമിത്ഷാ കൂടിക്കാഴ്ച അനുവദിക്കാറുള്ളൂ. മുഖ്യമന്ത്രി അമിത് ഷായെ കണ്ടത് കൃഷ്ണമേനോൻ മാർഗിലെ വസതിയിലാണ്. മുഖ്യമന്തിക്കൊപ്പം ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു. മന്ത്രിമാരായ കെഎൻ ബാലഗോപാലും മുഹമ്മദ് റിയാസും ഡൽഹിയിലുണ്ടായിരുനെങ്കിലും ഇവർ മുഖ്യമന്തിക്കൊപ്പം അമിത്ഷായെ കാണാൻ പോയിരുന്നില്ല. ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ പരമാവധി കേന്ദ്രസഹായം സംസ്ഥാനത്തെത്തിക്കാനാണ് ശ്രമം. വയനാട് ദുരന്ത സഹായത്തിൽ കേന്ദ്രത്തെ പഴി പറയുമ്പോൾ തന്നെ സംസ്ഥാനത്തിൻറെ ഇടപെടൽ ഫലപ്രദമല്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ജെപി നദ്ദയെ കണ്ട ശേഷം മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് നാളെ സമയം അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button