സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു.. ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലത്തിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോച്യാവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട് കെട്ടിവച്ചിട്ട് ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്നും ജീവനക്കാർ പറയുന്നു.നേരത്തെ സീലിങ് പൊട്ടിവീണ് സെക്രട്ടേറിയറ്റ് ജീവനക്കാരന് പരിക്കേറ്റിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.