എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്…ഉടൻ ‍ഡിജിപി…

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് ഉടൻ ‍ഡിജിപിക്ക് കൈമാറും.

കരിപ്പൂർ സ്വര്‍ണക്കടത്ത്, എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അന്‍വർ എംഎൽഎ ഉയർത്തിവിട്ടത് ആരോപണങ്ങളുടെ വിവാദ പെരുമഴ. പക്ഷെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ എഡിജിപി ക്ലീൻ എന്നാണ് കണ്ടെത്തൽ. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലൻസ്. പ്രധാനമായും ഉയർന്നത് നാല് ആരോപണങ്ങളാണ്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം.

എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു അടുത്ത ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതി. എന്നാൽ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009 ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്ന് മാത്രമാണ് കണ്ടെത്തൽ.

Related Articles

Back to top button