ഷാഫിക്കെതിരായ പൊലീസ് അതിക്രമം: കോഴിക്കോട് കോൺഗ്രസിൻറെ ഐജി ഓഫീസ് മാർച്ചിൽ സംഘർഷം, സ്ഥലത്ത് വൻ പൊലീസ് സന്നാഹം..
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കൾ ഇടപെട്ടെങ്കിലും സംഘർഷത്തിന് പരിഹാരമായില്ല. വലിയ തോതിൽ സംഘടിച്ചാണ് പ്രവർത്തകരെത്തിയത്. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിൽ പൊലീസ് ഇടപെട്ടു. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയെങ്കിലും ഒരു കൂട്ടം പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്.
ഷാഫി പറമ്പിലിന് പൊലീസ് മർദനമേറ്റതിന് പിന്നാലെ മട്ടാഞ്ചേരിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന സർക്കാരിൻറെ ഔദ്യോഗിക പരിപാടി ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്. കൊച്ചി വാട്ടർ മെട്രോ ടെർമിനൽ ഉദ്ഘാടന വേദിയിലേക്ക് റോഡ് മാർഗമാണ് മുഖ്യമന്ത്രി എത്തുക. ഈ വഴിയിലാണ് യൂത്ത് കോൺഗ്രസ് ദേഹത്ത് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. സംസ്ഥാന വ്യാപകമായി പലയിടത്തും പ്രതിഷേധം രൂക്ഷമാകുകയാണ്. സ്ഥലത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.