കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത്….

തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ സിപിഎം, കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം. കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിലായിരുന്നു സംഭവം. വോട്ട് ചെയ്തു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സാബു എം ജേക്കബിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു കയ്യേറ്റം.
ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്. ട്വന്‍റി-ട്വന്‍റിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പോലും മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സാബു എം ജേക്കബ് ആരോപിച്ചു



