തലസ്ഥാനത്ത് തെരുവ് യുദ്ധം.. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു.. ലാത്തിച്ചാർജ്, ജലപീരങ്കി..
യൂത്ത് കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിലിനെ സിപിഎം പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർ പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധ മാർച്ച് ക്ലിഫ് ഹൗസിന് ഏറെ മുന്നിൽ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ആക്രമാസക്തരായി, പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. സ്ത്രീകൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ഇവർ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചത്്. ഇതിനിടെ പ്രവർത്തകർ പൊലീസിന് നേരെ തീപ്പന്തമെറിയുകയും ചെയ്തു. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പൊലീസ് ലാത്തിച്ചാർജിൽ നിരവധി വനിതകൾക്ക് പരിക്കേറ്റതായി യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഭരണത്തിന്റെ തണലിൽ സിപിഎം ഗുണ്ടായിസം നടത്തുകയാണെന്നും എംപിയെ തടഞ്ഞുനിർത്തിയിട്ടും പൊലീസുകാർ നോക്കി നിൽക്കുകയായിരുന്നെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.