പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി സംഘർഷം…ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്ന് പരാതി…

പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നില്‍ പ്രചരണ പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘർഷത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര സായുധസേന പാലക്കുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തി. കീനൂര്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കോണ്‍ഗ്രസിലെ ഷാജു പുവ്വത്തൂക്കാരന്‍, അഭിജിത്ത് അഭിമന്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഷാജുവിന്റെ പരിക്ക് ഗുരുതരമാണ്. സിപിഎമ്മിലെ മിഥുന്‍, വിശാല്‍, വിഷ്ണു, രഞ്ജിത്ത്, സമിന്‍ലാല്‍ എന്നിവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇതില്‍ മിഥുന് ഗുരുതര പരിക്കുണ്ട്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു.

Related Articles

Back to top button