സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ…18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി…20 പേർക്കെതിരെ കേസ്…

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ സ്കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.
സംഘര്‍ഷത്തിലേര്‍പ്പെട്ട 18 വിദ്യാര്‍ത്ഥികളെയാണ് സ്കൂളിൽ നിന്ന് പുറത്താക്കികൊണ്ട് അധികൃതര്‍ നടപടി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായും സ്കൂളിലെ അധ്യാപകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയുണ്ടായത്.

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രിന്‍സിപ്പലിനും പരിക്കേറ്റിരുന്നു. വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം. തലയ്ക്കു പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ കമന്റുകളെ ചൊല്ലി ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

Related Articles

Back to top button