മുന്നണി സഹകരണം ആവശ്യപ്പെട്ട് സികെ ജാനു യുഡിഎഫിൽ.. വിയോജിപ്പ്.. സഹകരണം ആകാമെന്ന് യുഡിഎഫ് ധാരണ..
മുന്നണി സഹകരണം ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി സികെ ജാനു. കഴിഞ്ഞ യുഡിഎഫ് യോഗം കത്ത് ചർച്ച ചെയ്തു. രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് അറിയിച്ചു. സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യുഡിഎഫ് ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യം സി കെ ജാനു അറിയിച്ചിരിക്കുന്നത്.
ആലുവയിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട് താൽപ്പര്യമറിയിക്കുകയും യുഡിഎഫിന് കത്ത് നൽകുകയുമായിരുന്നു. കഴിഞ്ഞ 9ന് ചേർന്ന യുഡിഎഫ് യോഗത്തിൽ കത്ത് ചർച്ച ചെയ്യുകയും ചെയ്തു. ചില വിയോജിപ്പുകൾ യോഗത്തിലുണ്ടായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സി കെ ജാനുവുമായി സഹകരിക്കുന്നതിൽ രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് അറിയിച്ചു. മുൻപ് ഇത്തരത്തിലൊരു സഹകരണം ഉണ്ടായപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും സികെ ജാനു തോറ്റു. ആ പഞ്ചായത്ത് ഭരണം അടക്കം യുഡിഎഫിന് നഷ്ടമായി തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടിയത്. കൂടാതെ, മുസ്ലിം ലീഗിനും ചെറിയ എതിർപ്പ് ഉണ്ടെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. എന്നാൽ, സികെ ജാനുവുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്ന പൊതു ധാരണയിലാണ് നിലവിൽ യുഡിഎഫ് എത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ താൽപ്പര്യം കണക്കിലെടുത്താണ് സഹകരണത്തിന് ധാരണയിലെത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി- യുഡിഎഫ് സഹകരണത്തിൽ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.