ഞാൻ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡ്യൂസറാണ്, എനിക്ക് എന്തിനാണ് ‘അമ്മ’യുടെ പെൻഷൻ’…
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിന് എത്തിയ നടൻ ഇ എ രാജേന്ദ്രന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മെലിഞ്ഞ് ക്ഷീണിതനായിട്ടായിരുന്നു രാജേന്ദ്രനെ വിഡിയോകളിൽ കാണാൻ കഴിഞ്ഞത്. ഇതിന് പിന്നാലെ നടന് ഇതെന്തുപറ്റി എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ കമന്റുകളും ഉയർന്നിരുന്നു. അതോടൊപ്പം നടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചും നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് രാജേന്ദ്രൻ.
ഷുഗർ കുറച്ചു കൂടിയപ്പോൾ ഡോക്ടർമാർ ഭാരം നിയന്ത്രിക്കണമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്ഷീണിച്ചതെന്ന് രാജേന്ദ്രൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സീരിയലുകൾ നിർമിക്കുന്ന തനിക്ക് എന്തിനാണ് അമ്മയുടെ പെൻഷൻ എന്നും രാജേന്ദ്രൻ ചോദിച്ചു.
“ജർമ്മനിയിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ആളുകൾ വിളിക്കുന്നുണ്ട്. ഞാനിത്ര വലിയ ആളാണെന്ന് മനസിലായത് ഇപ്പോഴാണ്. ഡോക്ടർ പറയുന്നത് നമ്മൾ അനുസരിക്കണ്ടേ. ഷുഗറിന്റെ ചെറിയ ഒരു പ്രശ്നം മാത്രമേയുള്ളൂ”.- രാജേന്ദ്രൻ വ്യക്തമാക്കി.
അമ്മ അസോസിയേഷനിൽ നിന്ന് പെൻഷൻ കിട്ടുന്നതു കൊണ്ടാണ് വോട്ട് ചെയ്യാനെത്തിയത് എന്ന തരത്തിൽ കമന്റുകൾ വന്നിരുന്നു, ഇതിനേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തോടും നടൻ പ്രതികരിച്ചു. “ഞാൻ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡ്യൂസറാണ്. എനിക്ക് എന്തിനാണ് പെൻഷൻ. അമ്മ തെരഞ്ഞെടുപ്പിന് വരാൻ കാരണം ദേവൻ ആണ്. അദ്ദേഹം എന്റെ ബന്ധു കൂടിയാണ്.
അത് പലർക്കും അറിയില്ല. ദേവന് വോട്ട് ചെയ്യാൻ വേണ്ടി തന്നെയാണ് ഞാനവിടെ വന്നത്. പിന്നെ ശ്വേതയായാലും കുക്കു പരമേശ്വരനായാലും എല്ലാവരും നമ്മുടെ അടുത്ത സുഹൃത്തുക്കളാണ്
സിനിമക്കാരുടെ ഇടയിൽ ആളുകൾ പുറത്തു പറയുന്നതു പോലെ യാതൊരു പ്രശ്നങ്ങളുമില്ല. എല്ലാവരും സഹോദരൻമാരെപ്പോലെ ജീവിക്കുന്ന ഒരു സ്ഥലമാണ്. പക്ഷേ അതൊരു ഗ്ലാമറസ് ലോകമായതു കൊണ്ട് എല്ലാവരും കൊട്ടിഘോഷിക്കുന്നു എന്ന് മാത്രം”. – രാജേന്ദ്രൻ പറഞ്ഞു.