അയാട്ട അം​ഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിഐഎഎസ്എൽ അക്കാദമി

നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചി എയർപോർട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അംഗീകാരമുള്ള കോഴ്സുകളാണിത്. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം, അയാട്ട കാർഗോ ഇൻട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്, അയാട്ട പാസഞ്ചർ ഗ്രൗണ്ട് സർവീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. www.ciasl.aero/academy എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

ആറുമാസ കോഴ്സുകൾക്ക് അയാട്ടയ്ക്ക് പുറമെ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( കുസാറ്റ്), എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ )എന്നിവയുടെ സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്നതാണ് പ്രത്യേകത. അമാഡിയസ് ജിഡിഎസ് സിമുലേഷൻ, ഇൻഫ്‌ളൈറ്റ് ട്രിപ്പ്, എയർപോർട്ട് സന്ദർശനങ്ങൾ എന്നിവയിലൂടെ പ്രായോഗിക പരിശീലനത്തിനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും.

അപേക്ഷകർക്ക് മികച്ച ആശയവിനിമയ ശേഷിയും ഇംഗ്ലീഷ് പ്രാവീണ്യവും അഭികാമ്യമാണ്. കൂടാതെ, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഓരോ കോഴ്സിലും 40 സീറ്റുകൾ വീതമാണുള്ളത്. പ്രായ പരിധി 20-26 വയസ്. കൂടുതൽ വിവരങ്ങൾക്ക് : 8848000901/04842611785

Related Articles

Back to top button