‘ക്രൈസ്തവർ ആരുടെയും കരുണയിലല്ല ജീവിക്കുന്നത്’…. പി.സി. ജോർജിന് ഹൈബി ഈഡന്റെ മറുപടി

കൊച്ചി: കേരളത്തിലെ ക്രൈസ്തവർ ബിജെപിയുടെ കരുണയിലാണ് ജീവിക്കുന്നതെന്ന പി.സി. ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ എം.പി. ക്രൈസ്തവരെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ‘ബിജെപി കൊട്ടേഷൻ’ ആണ് പി.സി. ജോർജും മകൻ ഷോൺ ജോർജും ഏറ്റെടുത്തിരിക്കുന്നതെന്ന് ഹൈബി ഈഡൻ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബിജെപി ഇന്ത്യയൊട്ടാകെ ന്യൂനപക്ഷ വേട്ടയാണ് നടത്തുന്നത്. പ്രധാനമന്ത്രിയുടെ വിരുന്നിന് ബിഷപ്പുമാരെ കാലുപിടിച്ച് എത്തിച്ചാണ് ജോർജും സംഘവും ബിജെപിയിൽ ഇടംനേടിയതെന്നും ഹൈബി പരിഹസിച്ചു. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയും മാധ്യമ സ്ഥാപനങ്ങളെയും വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ ഏതു വിധേനയും സംരക്ഷണം നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും കേരളം ആഗ്രഹിക്കുന്ന മികച്ച ഒരു മുഖ്യമന്ത്രി വരുമെന്നും ഹൈബി ഈഡൻ പറഞ്ഞു. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന മുഹമ്മദ് ഷിയാസിന്റെ പരാമർശത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പാർട്ടിക്ക് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



