ചൊവ്വന്നൂരിലെ കൊലപാതകം സ്വവര്‍ഗരതിക്കിടെ.. പ്രകൃതിവിരുദ്ധ ബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി കത്തിച്ചു…

കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പൊലീസ്. മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസിന്റെ സംശയം.35 വയസ്സ് തോന്നിക്കും. കേസില്‍ പിടിയിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി(61) സ്വവര്‍ഗാനുരാഗിയാണെന്നും സ്വവര്‍ഗരതിക്കായി ഇയാള്‍ സ്ഥിരമായി പലരേയും വീട്ടില്‍ കൊണ്ടുവരുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

മരിച്ചയാളുടെ തലയ്ക്കും മുഖത്തും ശക്തമായി അടിയേറ്റിട്ടുണ്ട്. മുന്‍പ് സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചയാളെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.ചൊവ്വന്നൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാര്‍ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയില്‍ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്.

മുറി വാടകയ്‌ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനിടയില്‍ പൊലീസ് രാത്രി ഏഴരയോടെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നാണ് സണ്ണിയെ പിടികൂടിയത്. തൃശൂരിലെ വസ്ത്ര വില്‍പനശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി മറ്റ് രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണ്.

Related Articles

Back to top button