ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണം.. ആൺ സുഹൃത്തിനെതിരെ കുറ്റകരമായ നരഹത്യ….

ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആണ്‍ സുഹൃത്ത് അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ലഭിച്ചിട്ടുണ്ട്. അനൂപിനെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയായിരുന്നു കൊലക്കുറ്റം ഒഴിവാക്കിയത്. കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.ജനുവരി 26നാണ് പോക്‌സോ അതിജീവിതയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തുകയായിരുന്നു. സുഹൃത്തായ ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു.

Related Articles

Back to top button