വീട്ടുപടിക്കലിരുന്ന രണ്ടു വയസ്സുകാരിയെ ആക്രമിച്ച് തെരുവ് നായ; കുട്ടിയെ കടിച്ചുവലിച്ച് കൊണ്ട് പോകുവാൻ ശ്രമിച്ചു, ശരീരത്തിൽ..

തിരുവനന്തപുരം അഞ്ചുതെങ്ങിൽ തെരുവ് നായ ആക്രമണം. വീട്ടുപടിക്കലിരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ് കടിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുപടിക്കലിരുന്നു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സുജിത-ജോൺബോസ്കോ ദമ്പതികളുടെ മകൾ ഐറ ജോണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
നാട്ടുകാരും വീട്ടുകാരും ബഹളം വെച്ച് പിന്തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നായ് തുടരെ കുട്ടിയെ കടിച്ചു. വടിയുമായെത്തിയ അയൽവാസി നായെ തല്ലിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരീരത്തിൽ ആറോളം മുറുവുണ്ട്. രണ്ടാഴ്ചക്കിടെ അഞ്ചുതെങ്ങ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾക്കും മുതിർന്നരുമുൾപ്പെടെ മുപ്പത്തോളം പേർക്കാണ് തെരുവുനായ് അക്രമത്തിൽ പരുക്കേറ്റത്. പകലും രാത്രിയും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണുവാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനെയും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇരുവരുടെയും കാലിനാണ് നായയുടെ കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിനെ തെരുവുനായ ആക്രമിച്ചത്. ഇരുവരും ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.



